‘ഇപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍ നീയാണ്’; ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്രമന്ത്രിയായ മകനോട് യശ്വന്ത് സിന്‍ഹ

single-img
8 July 2018

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരെ വിമര്‍ശനവുമായി പിതാവും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഞാന്‍ എന്റെ മകന്റെ പ്രവര്‍ത്തിയെ അംഗീകരിക്കുന്നില്ല.

പക്ഷെ എനിക്കറിയാം ഇതുപോലും വലിയ അധിക്ഷേപങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന്. ‘നേരത്തെ, ‘മിടുക്കനായ മകന്റെ’ ‘കഴിവുകെട്ട പിതാവായിരുന്നു’ ഞാന്‍. ഇപ്പോള്‍ ആ റോളുകള്‍ പരസ്പരം മാറിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് യശ്വന്തിന്റെ പ്രതികരണം.

രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികളായ എട്ടുപേര്‍ക്ക് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. പ്രദേശിക ബിജെപി നേതൃത്വമാണ് ഇവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തിരുന്നു. ജയന്തിന്റെ ഈ നടപടിക്കെതിരെയാണ് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്.