കൊല്ലത്ത് സൈനികന്റെ വീട് അടിച്ചുതകര്‍ത്ത സംഭവം; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍

single-img
8 July 2018

കണ്ണൂര്‍: കൊല്ലത്ത് സൈനികന്റെ വീട് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂരില്‍ നിന്ന് പിടികൂടി. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പറശിനിക്കടവില്‍ നിന്ന് കൊല്ലം പൊലീസാണ് ഇവരെ പിടികൂടിയത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സൈനികന്റെ വീട് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

അക്രമികളുടെ ലക്ഷ്യം മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാഹനത്തിനു വശംകൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്‍ത്ത് അക്രമമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് കണ്ടെത്തല്‍.

നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനാലാണ് മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് കണക്കുകൂട്ടല്‍. സംഭവത്തില്‍ നേരത്തെ കോര്‍ എക്‌സ്‌റ്റെന്‍ഷന്‍ കമ്മിറ്റി നേതാവ് അബ്ദുള്‍ ജബ്ബാര്‍ പോലീസ് പിടിയിലായിരുന്നു.

ഇയാളും കാലടി സ്വദേശിയായ ഷാനവീസും ചേര്‍ന്നാണ് അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. ഏഴുപേരാണ് ആക്രമിസംഘത്തിലുണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകകരായ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.