നിഷാ സാരംഗിനെ മമ്മൂട്ടി വിളിച്ചു: ‘ഉപ്പും മുളകും’ പ്രശ്‌നത്തിന് പരിഹാരമാകുന്നു

single-img
8 July 2018

സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി ‘അമ്മ’, ‘ആത്മ’, ഫ്ളവേഴ്‌സ് ചാനല്‍, വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്നീ സംഘടനകള്‍ രംഗത്തെത്തി.

‘ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്.

തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും. ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

‘അമ്മ’യുടെ പിന്തുണയറിയിച്ച് മമ്മുട്ടിയാണ് നിഷയെ വിളിച്ചത്. നിഷയെ മമ്മൂട്ടി വിളിച്ച്‌ സംസാരിച്ചിരുന്നുവെന്നും നിഷയോട് തന്റെ നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞതായും മാല പാര്‍വതി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം സീരിയലില്‍ തുടരുമോ ഇല്ലയോ എന്ന് നിഷ തീരുമാനിക്കും.

ഫ്ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് ‘ഉപ്പും മുളകും’ സംപ്രേഷണം ചെയ്യുന്നത്. സീരിയലില്‍ നിന്ന് നടി നിഷാ സാരംഗ് ഒഴിവാകുകയാണ് എന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരുന്നു. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി അഭിനയിക്കില്ലെന്നുമാണ് നിഷ പറഞ്ഞത്.

നിഷയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണെത്തിയത്. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു.

തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഒരു മാധ്യമത്തോട് പറഞ്ഞു.

സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തിപരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു.

സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.