ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: പൊലീസ് അന്വേഷണത്തിന് വേഗത പോരെന്നു കന്യാസ്ത്രീയുടെ പരാതി

single-img
8 July 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് കന്യാസ്ത്രീ. കുറവിലങ്ങാട് നാടുകുന്നിലെ കോണ്‍വന്റിലെത്തിയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയോടാണ് കന്യാസ്ത്രീ പരാതി ഉന്നയിച്ചത്.

പഞ്ചാബിലും കേരളത്തിലും ബിഷപ്പിന് ഉന്നത സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം നീളുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീ സമൂഹത്തിലും സമുദായത്തിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അരമണിക്കൂര്‍ നേരം അധ്യക്ഷ കന്യാസ്ത്രീയുമായി കൂടിക്കാഴ്ച നടത്തി.

കേസന്വേഷണം വേഗത്തിലാക്കാന്‍ പഞ്ചാബിലേയും കേരളത്തിലേയും മുഖ്യമന്ത്രിമാരോടും പൊലീസ് മേധാവികളോടും ആവശ്യപ്പെടാനാണ് കമ്മിഷന്റെ തീരുമാനം. എന്നിട്ടും ഫലമില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ സഹായവും തേടും. കുറവിലങ്ങാടത്തെ മഠത്തില്‍ നിന്നും ബിഷപ്പിന്റെ ഫോട്ടോ മാറ്റാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്കുണ്ടാകുന്ന മാനസിക വിഷമം കണക്കിലെടുത്താണു നിര്‍ദ്ദേശം.

ഇതിനിടെ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സന്യാസിനീ സമൂഹമായ മിഷണറീസ് ഓഫ് ജീസസ് രംഗത്തെത്തി. മിഷനരീസ് ഓഫ് ജീസസില്‍ അംഗമായ കന്യാസ്ത്രീ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് മദര്‍ ജനറല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിഷപ്പിനോട് ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ സഹോദരന്റെ അയല്‍വാസിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.