ഉമ്മന്‍ ചാണ്ടി ആന്ധ്രയില്‍ ‘പണി’ തുടങ്ങി; കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു

single-img
8 July 2018

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കിരണ്‍ കുമാര്‍ റെഡ്ഡി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നതായി സൂചന. ഈ മാസം 11ന് കിരണ്‍ റെഡ്ഡി കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്നാണ് ആന്ധ്രയിലെ ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കിരണ്‍കുമാര്‍ റെഡ്ഡി അടക്കമുള്ള നേതാക്കളുമായി ചര്‍ച്ചയും നടത്തിയിരുന്നു.

2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് 2014 മാര്‍ച്ചില്‍ രാജിവച്ച ശേഷം കോണ്‍ഗ്രസ് വിടുകയായിരുന്നു. പിന്നീട് ജയ് സമൈക്യാന്ധ്ര എന്ന പാര്‍ട്ടിയും സ്ഥാപിച്ചു.