വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്

single-img
7 July 2018

ഷാര്‍ജ: വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അധികൃതര്‍ വിലക്കി. വന്‍ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖ്ബിയാണ് ഇക്കാര്യം അറിയിച്ചത്.

അഡ്‌നോക് ഇന്ധന സ്റ്റേഷനുകളില്‍ വ്യക്തികള്‍ക്കു വാഹനങ്ങളില്‍ സ്വയം ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനിടെ ചിലര്‍ ചിത്രങ്ങളും സ്വന്തമായി ഇന്ധനം നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. ഇതു ശ്രദ്ധയില്‍പെട്ടതോടെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്ന കാര്യം അധികൃതര്‍ ഓര്‍മിപ്പിച്ചത്.

ഇന്ധനം നിറയ്ക്കുമ്പോള്‍ വാതകം പരിസരത്തും പരക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണിലെ മൈക്രോ തരംഗങ്ങളുടെ സംയോജനവും ചൂടു കാലവും കൂടിയാകുമ്പോള്‍ തീപിടിക്കാനുള്ള സാധ്യത ഏറെയാണ്. കാലാവസ്ഥയും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും പരിഗണിച്ചാണ് നടപടി.