പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചരിത്രം സൃഷ്ടിക്കുന്നു

single-img
7 July 2018

കറാച്ചിയിലെ സിന്ധ് പ്രവിശ്യയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സുനിതാ പര്‍മാര്‍ എന്ന ഹിന്ദു പെണ്‍കുട്ടി ഇപ്പോള്‍ പാക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഈ മാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സുനിതാ ജനവിധി തേടുന്നതോടെ ഫലമെന്തായാലും അത് പാകിസ്ഥാനില്‍ ചരിത്രമായി മാറും.

ആദ്യമായാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരാള്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു മതസ്ഥര്‍ താമസിക്കുന്ന സ്ഥലമാണ് സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഈ 31 കാരി ജനവിധി തേടുന്നത്.

മുന്‍ സര്‍ക്കാരുകള്‍ തന്റെ മണ്ഡലത്തില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്തതില്‍ സഹികെട്ടാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന് സുനിത പറയുന്നു. ‘ഈ 21 ആം നൂറ്റാണ്ടിലും പ്രദേശവാസികള്‍ തികച്ചും പ്രാകൃതമായ ചുറ്റുപാടിലാണ് ഇവിടെ ജീവിക്കുന്നത്.

നല്ലൊരു ആശുപത്രിയോ അടിസ്ഥാന സൗകര്യമുള്ള സ്‌കൂളുകളോ ഇവിടെയില്ല. ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഇവിടെ അനുവാദമില്ല’. സുനിത പറയുന്നു. ‘ ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇവിടത്തെ സ്ത്രീകളുടെ പിന്തുണയുണ്ട്. സിംഹങ്ങളോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു’ സുനിത വ്യക്തമാക്കി.