World

കടലില്‍ കാണാതായ മധ്യവയസ്‌ക ജീവനോടെ തീരത്തണഞ്ഞു; ഒന്നര വര്‍ഷത്തിന് ശേഷം

സിനിമാ കഥയെ പോലും വെല്ലുന്ന സംഭവം. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത സംഭവമുണ്ടായത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലിലെ തിരമാലയില്‍പ്പെട്ട് കാണാതായ 53വയസ്സുകാരിയെ അതേ തീരത്ത് കണ്ടത്തി. അതേ വേഷത്തില്‍ തീരത്ത് ബോധരഹിതയായി കിടക്കുന്ന മധ്യവയസ്‌കയെ കണ്ട നാട്ടുകാര്‍ ശരിക്കും ഞെട്ടി.

ജക്കാര്‍ത്തയിലെ വെസ്റ്റ് ജാവായിലാണ് നൈനാങ് സണാരിഷ് എന്ന് സ്ത്രീയെ 18 മാസങ്ങള്‍ക്ക് മുന്‍പ് കാണാതായത്. തിരമാലയില്‍പ്പട്ട് കാണാതായ സ്ത്രീയെക്കുറിച്ച് പിന്നീട് ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. മൃതദേഹം കിട്ടിയില്ലെങ്കിലും നൈനാങ് മരിച്ചുവെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നത്.

വീണ്ടും അതേ വേഷത്തില്‍ കാണാതായ സ്ഥലത്ത് നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇവരെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബോധം വന്നെങ്കിലും നൈനാങിന് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. ശരീരത്തില്‍ ഗുരുതരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.