വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

single-img
6 July 2018

പാകിസ്ഥാനിലെ ലാഹോറില്‍ ഈ മണ്‍സൂണില്‍ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിവിധ മാധ്യമങ്ങള്‍ ലാഹോറിലെ വെള്ളപ്പൊക്കം വിവിധ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് വ്യത്യസ്തത തേടി പോയ മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ വൈറലായത്.

ലാഹോറിലെ തെരുവില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മനോഹരമായ ഒരു നീന്തല്‍കുളത്തിന്റെ പ്രതീതിയുണ്ടാക്കിയാണ് ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തത്. നീന്തല്‍കുളമെന്ന് തോന്നിക്കാന്‍ ബാത്ത് ട്യൂബുകളും സ്വിമ്മിംഗ് റൗണ്ടുകളും ചുറ്റുമിട്ടായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് നീന്തല്‍ക്കുളത്തില്‍ അല്ല, ലാഹോറിലെ വെള്ളപ്പൊക്കത്താല്‍ ദുരിതമനുഭവിക്കുന്ന ഒരു തെരുവിലാണ്. ഇതേ അവസ്ഥയാണ് ഈ പ്രദേശത്തെ എല്ലാ ഭാഗങ്ങളിലും. വെള്ളമൊഴുകി പോകാന്‍ യാതൊരു സൗകര്യവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാക്കുന്നില്ല.’

ഇങ്ങനെയാണ് റിപ്പോര്‍ട്ടിംഗ് തുടങ്ങുന്നത്. അതോടൊപ്പം ഇയാള്‍ തെരുവിലൂടെ നടക്കുന്ന മറ്റുള്ളവരോടും തന്നെപ്പോലെ നീന്തല്‍ക്കുളത്തില്‍ യാത്ര ആസ്വദിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ലാഹോറിലെ പ്രദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ തമാശരൂപേണ കാര്യം അവതരിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകന്റെ ഉദ്ദേശ്യശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും അയാളുടെ വ്യത്യസ്തമായ പ്രകടനം പക്ഷേ ഏവരേയും ചിരിപ്പിക്കുന്നതാണ്. ഒരു നീന്തല്‍കുളത്തില്‍ പരമാവധി ആസ്വദിച്ച് വിനോദത്തിലേര്‍പ്പെടുന്നതുപോലെയുള്ള ഇയാളുടെ പ്രകടനവും കൗതുകമുണര്‍ത്തുന്നു. വാര്‍ത്ത വന്ന ഉടന്‍ തന്നെ നീന്തല്‍ക്കുളത്തിലെ റിപ്പോര്‍ട്ടിംഗ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കഴിഞ്ഞു.