സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറി സ്ത്രീയുടെ പ്രതിഷേധം

single-img
6 July 2018

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുമ്പോഴാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറി ഒരു സ്ത്രീയുടെ പ്രതിഷേധം. തെരേസ് പട്രീക്ക ഒക്കുമോവ് എന്ന സ്ത്രീയാണ് പുതിയ സമരമുറയുമായി രംഗത്തെത്തിയത്.

റൈസ് ആന്റ് റെസിസ്റ്റ് എന്ന സംഘടനയുമായി പ്രവര്‍ത്തിക്കുന്ന തെരേസ് പക്ഷേ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറി മുദ്രാവാക്യം മുഴക്കിയത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ താഴത്തെ ബേസ്‌മെന്റ് വരെ യുവതി കയറി. സ്റ്റാച്യുവിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നവരും ഓടിക്കൂടിയവരും യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് തെരേസ് ലിബര്‍ട്ടിയുടെ പടിക്കെട്ട് വരെ കയറി. തുടര്‍ന്ന് അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. കുടിയേറ്റ നിയമത്തിന്റെ പേരില്‍ വേര്‍പിരിഞ്ഞ മുഴുവന്‍ കുഞ്ഞുങ്ങയളേയും മോചിപ്പിക്കാതെ താന്‍ താഴെയിറങ്ങില്ലെന്ന് തെരേസ് വിളിച്ചുപറഞ്ഞു.

ന്യൂയോര്‍ക്കിലെ എമര്‍ജന്‍സി സര്‍വീസ് യൂണിറ്റിലെ 16 പൊലീസ് ഉദ്യോസ്ഥര്‍ കിണഞ്ഞ് പരിശ്രമിച്ചാണ് ഒടുവില്‍ യുവതിയെ താഴെയിറക്കിയത്. കയറ് ഉപയോഗിച്ച് ഏണിയുണ്ടാക്കിയാണ് സമരക്കാരിയെ നിലത്തിറക്കിയത്. തുടക്കത്തില്‍ യുവതി രക്ഷിക്കാനെത്തിയവരെ തടയുകയും പൊലീസുകാരെ താഴെ തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീട് തെരേസ് പൊലീസിനോട് സഹകരിക്കുകയും താനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസ് അറസ്റ്റുചെയ്ത തെരേസിനെ മാന്‍ഹാട്ടനിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. റൈസ് ആന്റ് റെസിസ്റ്റ് സംഘനയിലെ മറ്റ് ഏഴു പേരും പ്രതിഷേധ സമരം നടക്കുമ്പോള്‍ തെരേസിനൊപ്പമുണ്ടായിരുന്നു.

അവരും പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ തങ്ങളുടെ അറിവോടെയോ സമ്മതത്തോടെയോ അല്ല തെരേസ് ഇത്തരത്തില്‍ ഒരു സമരമാര്‍ഗ്ഗം സ്വീകരിച്ചതെന്ന് സംഘടനയുടെ വക്താവ് മാര്‍ട്ടിന്‍ ജോസഫ് ക്വിന്‍ പറഞ്ഞു. കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്ന ട്രംപിന്റെ നയങ്ങളോട് ലോകവ്യാപകമായി വന്‍ എതിര്‍പ്പാണ് ഇതിനോടകം വന്നിട്ടുള്ളത്.