സെറിബ്രല്‍ പള്‍സി ബാധിച്ച 9 വയസ്സുകാരി ഒന്നര വയസ്സുള്ള സഹോദരനെ മരണത്തില്‍ നിന്നും രക്ഷിച്ചു

single-img
6 July 2018

ഒമ്പത് വയസ്സുകാരി ലെക്‌സി കോമു ഡ്രിസ്ലിയാണ് ഇപ്പോള്‍ കാനഡയിലെ താരം. സെറിബ്രല്‍ പള്‍സി രോഗത്താല്‍ ദുരിതമനുഭവിക്കുന്ന ലെക്‌സിക്ക് നടക്കാനോ സംസാരിക്കാനോ കഴിയില്ല. പക്ഷേ ഈ കുരുന്ന് തന്റെ ഒന്നര വയസ്സുള്ള അനിയനെ മരണത്തില്‍ നിന്നാണ് രക്ഷിച്ചത് എന്നറിഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

കാനഡയിലെ നോവാ സ്‌കോട്ടിയയിലാണ് ലെക്‌സിയുടെ കുടുംബം. അച്ഛനും അമ്മയും ലെക്‌സിയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നതിനാല്‍ ഒന്നര വയസ്സുള്ള ഇളയ മകനെ അധികം ശ്രദ്ധിച്ചില്ല. അമ്മയുടെ കണ്ണ് വെട്ടിച്ച് മുറ്റത്തെ നീന്തല്‍കുളത്തിനടുത്തെത്തിയ കുട്ടി കുളത്തിലേക്ക് തെന്നി വീണു.

പക്ഷേ മുറ്റത്തുണ്ടായിരുന്ന ലെക്‌സി മാത്രം ഇത് കണ്ടു. വീല്‍ച്ചെയറിലിരുന്ന് അനങ്ങാനോ സംസാരിക്കാനോ കഴിയാത്ത കുട്ടി പക്ഷേ തന്റെ അമ്മയെ വിവരം അറിയിക്കാന്‍ ഉച്ചത്തിലുള്ള എന്തോ ശബ്ദം പുറപ്പെടുവിച്ചു. ഓടിയെത്തിയ അമ്മൂമ്മ മുങ്ങിത്താഴുന്ന കുഞ്ഞിനെ കാണുകയും നിമിഷ നേരം കൊണ്ട് രക്ഷപ്പെടുത്തുകയും ചെയ്തു.

ലെക്‌സിയുടെ അവസരോചിതമായ ഇടപെടലിലൂടെ അനിയന്‍ രക്ഷപ്പെട്ട വിവരം സോഷ്യല്‍ മീഡിയയിലൂടെ പലരും പങ്കുവച്ചു. കുഞ്ഞു ലക്‌സിയെ നോവാ സ്‌കോട്ടിയയിലെ ഭരണകൂടം പുരസ്‌കാരം നല്‍കി ആദരിച്ചു.