കേരളത്തിന് ആശ്വാസമായി യു.എ.ഇയുടെ പുതിയ തീരുമാനം

single-img
5 July 2018

കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്.

യു.എ.ഇ കാലാവസ്ഥാമാറ്റ പരിസ്ഥിതി മന്ത്രാലയം സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വിലക്ക് നീക്കിയ വിവരം പരസ്യപ്പെടുത്തിയത്. നിപാ പടര്‍ന്ന ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും കേരള ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

മെയ് 29നാണ് യു.എ.ഇയില്‍ വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഗള്‍ഫിലെ പച്ചക്കറി വിപണിയിലേക്ക് മുഖ്യപങ്ക് ഉല്‍പന്നങ്ങളും എത്തിയിരുന്ന കേരളത്തില്‍ നിന്നുള്ള കയറ്റുമതി തടഞ്ഞതോടെ പല ആഹാര വിഭവങ്ങള്‍ക്കും വലിയ ക്ഷാമംനേരിട്ടിരുന്നു. നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയായിരുന്നു.

യു.എ.ഇയിലേക്ക് മാത്രം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50ടണ്ണിലേറെ പഴം പച്ചക്കറി ഉല്‍പന്നങ്ങളാണ് എത്തുന്നത്. 23 ടണ്ണോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മാത്രമെത്തുന്നു. കേരളത്തില്‍ നിന്ന് പുറപ്പെടുന്നു എങ്കിലും ഇവയില്‍ നല്ലൊരു പങ്ക് തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ചവയാണ്.