ജൂണില്‍ വിറ്റത് മൂന്ന് കാര്‍ മാത്രം: നാനോ ഇനി നിരത്തുകളില്‍ ഇറങ്ങില്ലെന്ന് സൂചന

single-img
5 July 2018

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണവുമായി എത്തിയ നാനോ കാര്‍ നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തുന്നു എന്ന് സൂചന. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. ഇതാണ് നാനോ കാറിന്റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്റെ കാരണം.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചൈല്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് കാറുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്.

ജൂണ്‍ മാസത്തില്‍ കയറ്റുമതിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നാനോ 2019ന് അപ്പുറം കടക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് കമ്പനി വക്താവ് പറഞ്ഞു.

2008ലെ ഡല്‍ഹി ആട്ടോ എക്‌സ്‌പോയിലാണ് ടാറ്റ നാനോയുടെ ചരിത്രം തിരുത്തിയ രംഗപ്രവേശം. ‘ഒരു ലക്ഷം രൂപയ്ക്കു കാര്‍’ എന്ന രത്തന്‍ ടാറ്റയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതി നേടിയ നാനോ ആദ്യ ഘട്ടത്തില്‍ വിപണിയില്‍ താരമായി.

എന്നാല്‍ മെല്ലെ അതിനോടുള്ള താല്‍പര്യം കുറഞ്ഞു വന്നു. സാങ്കേതിക തകരാറുകള്‍ കൂടുതല്‍ പ്രശ്‌നമായി. ഇന്ധന ടാങ്ക് മുന്‍പിലാണെന്നത് അപകട സാധ്യത കൂട്ടുന്ന ഘടകമായി. കാറിന് തീ പിടിച്ച സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടായി. വില രണ്ടു ലക്ഷത്തിന് അടുത്താവുകയും ചെയ്തതും വിപണിയില്‍ തിരിച്ചടിയായി. ഇതെല്ലാം കസ്റ്റമേഴ്‌സിനെ നാനോയില്‍ നിന്ന് അകറ്റി.