കാറിന്റെ മൈലേജ് കൂട്ടണോ?: എങ്കില്‍ ഇതൊന്ന് ട്രൈ ചെയ്യൂ….

single-img
5 July 2018

പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ഇന്ധന ക്ഷമത തങ്ങളുടെ കാറിന് കിട്ടുന്നില്ല എന്നത് പല വാഹന ഉടമകളുടെയും പരാതിയാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ പറയുന്നതിലോ ചിലപ്പോള്‍ അതില്‍ കൂടുതലോ മൈലേജ് നല്‍കാന്‍ മിക്ക കാറുകള്‍ക്കും കഴിയും. പക്ഷേ അത് വാഹന ഉടമയുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ കൈയ്യിലിരിപ്പിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രം. കാറുകളുടെ മൈലേജ് കൂട്ടാനും ദീര്‍ഘകാലം അത് നിലനിര്‍ത്താനും ഇതാ വളരെ ലളിതമായ ചില പൊടിക്കൈകള്‍:

1. ദീര്‍ഘദൂര യാത്രകളില്‍ വേഗത 60-70 കിലോമീറ്ററില്‍ നിശ്ചിതപ്പെടുത്താന്‍ ശ്രമിക്കുക. ഇതിനു താഴേക്കോ മുകളിലേക്കോ സ്പീഡോമീറ്റര്‍ സൂചി കടന്നാല്‍ ഇന്ധനം കൂടുതല്‍ കത്തുന്നതിന് ഇടയാക്കും. അനാവശ്യമായി ക്ലച്ചില്‍ കാല്‍ വയ്ക്കരുത്.

2. പെട്ടെന്നുള്ള ആകിസലറേഷന്‍, ബ്രേക്കിങ് എന്നിവ പാടില്ല. സഡന്‍ ബ്രേക്കുകളും ആക്‌സിലറേഷനും മൈലേജിനെ പ്രതികൂലമായി ബാധിക്കും. നിര്‍ത്തേണ്ട ഇടത്തിനു കുറച്ചു ദൂരം മുന്‍പെങ്കിലും വേഗം കുറച്ച് ക്രമാനുഗതമായി ബ്രേക്ക് ചവിട്ടുകയാണു വേണ്ടത്. 2000 ആര്‍പിഎം കവിയാതെ നിലനിര്‍ത്തുന്നതിലൂടെ ഇന്ധനം കത്തല്‍ കുറയ്ക്കാം.

3. ശരിയായ ഗിയറില്‍ വണ്ടിയോടിക്കുക പ്രധാനം. വണ്ടിയുടെ വേഗം കുറഞ്ഞാലും ഗിയര്‍ മാറ്റാന്‍ മടിക്കുന്നവരുണ്ട്. ഹാഫ് ക്ലച്ചിലെ ഈ അഭ്യാസം എന്‍ജിനു തകരാറുണ്ടാക്കുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും. 2000 ആര്‍പിഎമ്മില്‍ ഗിയര്‍ മാറ്റുന്നതാണ് പെട്രോള്‍ വണ്ടികളില്‍ ഉചിതം. ഡീസലില്‍ ഇത് 1500 ആണ്.

4. ഒരു മിനിറ്റില്‍ താഴെ സമയം നിര്‍ത്തിയിടേണ്ടി വന്നാല്‍ കാര്‍ ഓഫ് ആക്കരുത്. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം കത്തും എന്നതാണ് കാര്യം. എന്നാല്‍ ഏറെ നേരം ന്യൂട്രലിലോ ക്ലച്ചിലോ വണ്ടി ഓണ്‍ ചെയ്തു നിര്‍ത്തുന്നതും മൈലേജ് കുറയ്ക്കും.

5. കമ്പനി നിര്‍ദേശിക്കുന്ന മര്‍ദം ടയറില്‍ ഉണ്ടെന്നു മാസത്തില്‍ ഒരിക്കലെങ്കിലും ഉറപ്പു വരുത്തുക. വീല്‍ ബാലന്‍സിങ്ങും നിശ്ചിത ഇടവേളകളില്‍ നടത്തേണ്ടതാണ്.

6. എന്‍ജിന്റെ 20 ശതമാനം ഊര്‍ജം എസി പ്രവര്‍ത്തിക്കാന്‍ ആവശ്യമാണ്. അതിനാല്‍ അനാവശ്യമായി എസി ഓണ്‍ ചെയ്തിടുന്നത് ഒഴിവാക്കാം. ദീര്‍ഘദൂര യാത്രകളില്‍ ഇന്ധനം ലാഭിക്കാന്‍ എസി ഓഫ് ആക്കി വിന്‍ഡോ ഗ്ലാസ് തുറന്നിട്ട് വണ്ടി ഓടിക്കുന്നതും മൈലേജ് കുറയ്ക്കും. വേഗം കൂടുമ്പോള്‍ കാറ്റിനെ പ്രതിരോധിക്കാന്‍ വാഹനത്തിനു കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടി വരും എന്നതുതന്നെ കാരണം. എന്നാല്‍ കുറച്ചു ദൂരം മാത്രം സഞ്ചരിക്കുമ്പോഴും, സിറ്റിക്കുള്ളില്‍ സ്ലോവില്‍ പോകുമ്പോഴും എസി ഓഫ് ചെയ്യുന്നതാണ് നല്ലത്.

7. കാറില്‍ ആവശ്യത്തിലധികം ലഗേജുകള്‍ കുത്തിനിറയ്ക്കുന്നതും മൈലേജ് കുത്തനെ കുറയ്ക്കും.

8. ഒരു ദീര്‍ഘദൂര യാത്രപോകുന്നതിനേക്കാള്‍ ഇന്ധനം ആവശ്യമാണ് ചെറുയാത്രകള്‍ക്ക്. അതിനാല്‍ ഒരു കവര്‍ പാല്‍ മേടിക്കാന്‍ പോകുന്നതിനും കാര്‍ എടുക്കുന്നത് അത്ര നല്ലതല്ല.

9.എയര്‍ ഫില്‍റ്റര്‍, സ്പാര്‍ക്ക് പ്ലഗ്, ഓയില്‍ ഫില്‍റ്റര്‍, ഇന്‍ജക്റ്ററുകള്‍ എന്നിവ വൃത്തിയാക്കി വയ്ക്കുക.

ഓഡോ മീറ്ററില്‍ കാണിക്കുന്ന ആവറേജ് മൈലേജ് അക്കങ്ങളില്‍ കൃത്യത കുറവാണെന്നാണു പൊതുവെയുള്ള പരാതി. അതില്‍ കാണിക്കുന്നതിനെക്കാള്‍ രണ്ടോ മൂന്നോ കുറവായിരിക്കും യഥാര്‍ഥ മൈലേജെന്നും അഭിപ്രായമുണ്ട്. യഥാര്‍ഥ മൈലേജ് കണ്ടുപിടിക്കാനുള്ള ഒരു മാര്‍ഗമാണ് ‘ടാങ്ക് ടു ടാങ്ക്’ രീതി.

ആദ്യം ഫുള്‍ ടാങ്ക് പെട്രോള്‍/ഡീസല്‍ അടിക്കുക. തുടര്‍ന്ന് ഓഡോ മീറ്റര്‍ പൂജ്യത്തിലേക്കു സെറ്റ് ചെയ്യുക. ഇനി ഒരു വിധം ദൂരം ഓടിക്കഴിഞ്ഞ് വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുക. അത്ര ദൂരം ഓടിവന്ന കിലോമീറ്ററിനെ രണ്ടാമത് ഏത്ര ലീറ്റര്‍ പെട്രോള്‍/ഡീസല്‍ അടിച്ചു എന്നതുകൊണ്ടു ഹരിക്കുക. അതായിരിക്കും നിങ്ങളുടെ കൃത്യമായ മൈലേജ്.

ഉദാഹരണം:

35 ലീറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് അടിക്കുന്നു. 260 കിലോമീറ്റര്‍ ഓടിയശേഷം വീണ്ടും ഫുള്‍ ടാങ്ക് അടിക്കുന്നു. രണ്ടാമത് അടിക്കേണ്ടി വന്നത് 14 ലീറ്റര്‍ പെട്രോള്‍ ആണെന്നു വയ്ക്കുക. 260/14= 18.57.

ലീറ്ററിന് 18.57 കിലോമീറ്റര്‍ ആണു നിങ്ങളുടെ കാറിന്റെ മൈലേജ്