ബിസിനസ് രംഗത്തെ സഹവര്‍ത്തിത്വം ലക്ഷ്യമിട്ട് യങ് എന്‍ട്രപ്രണേഴ്‌സ് ഇന്ത്യയുടെ ആദ്യ സംഗമം തിരുവനന്തപുരത്ത് നടന്നു

single-img
3 July 2018

തിരുവനന്തപുരം: ബിസിനസ് രംഗത്തെ പരസ്പര സഹകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള യുവസംരംഭകരുടെ കൂട്ടായ്മയായ യങ് എന്‍ട്രപ്രണേഴ്‌സ് ഇന്ത്യയുടെ ആദ്യ സംഗമം ഞായറാഴ്ച (01.07.2018) തിരുവനന്തപുരത്ത് നടന്നു. വിവിധ ബിസിനസ് രംഗങ്ങളില്‍ കഴിവ് തെളിയിച്ച യുവസംരംഭകരുടെ കൂട്ടായ്മയാണ് യങ് എന്‍ട്രപ്രണേഴ്‌സ് ഇന്ത്യ.

നവബിസിനസ് രംഗങ്ങളില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും സമ്മേളനത്തില്‍ ചര്‍ച്ചയായി. സോഷ്യല്‍ ബിസിനസ് എന്ന ആശയത്തിന്റെ പ്രസക്തിയും നിലവിലെ സാമ്പത്തിക-സാമൂഹികാന്തരീക്ഷത്തില്‍ യുവ സംരംഭകരുടെ കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യകതയും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു.

യുവസംരംഭകര്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ യങ് എന്‍ട്രപ്രണേഴ്‌സ് ഇന്ത്യയിലെ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. കേരളത്തിലെ 50ഓളം യുവസംരംഭകര്‍ പങ്കെടുത്ത സമ്മേളനം രാജ്യത്താകമാനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് കൂട്ടായ്മയുടെ അണിയറക്കാര്‍. കവടിയാറിലെ വിന്‍ഡ്‌സോര്‍ രാജധാനിയില്‍ വച്ചായിരുന്നു സമ്മേളനം.