മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയം

single-img
2 July 2018

മെക്‌സിക്കോസിറ്റി: മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആന്‍ഡേഴ്‌സ് മാനുവല്‍ ലോപസ് ഒബ്രാഡോയ്ക്ക് ജയം. രാജ്യത്ത് സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ആന്‍ഡേഴ്‌സ് മാനുവല്‍ പറഞ്ഞു. ആകെ പോള്‍ ചെയ്തതില്‍ 53% വോട്ട് ആന്‍ഡേഴ്‌സിന് ലഭിച്ചു.

എതിരാളിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ റിക്കാര്‍ഡോ അനായക്ക് 22 ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന് മെക്‌സിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറഞ്ഞു.

അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോസ് ആന്റോണിയോ മീഡക്ക് ലഭിച്ചത് 16 ശതമാനം വോട്ടുമാത്രം. കഴിഞ്ഞ നൂറ്റാണ്ടില്‍ കൂടുതല്‍ കാലം മെക്‌സിക്കോ ഭരിച്ച പാര്‍ട്ടിയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി. ലക്ഷക്കണക്കിന് മെക്‌സിക്കക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കാണവേ ലോപ്പസ് പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കുമെന്നും അമേരിക്കയുമായി സൗഹാര്‍ദ്ദപരമായ ബന്ധം സ്ഥാപിക്കുമെന്നും ആന്‍ഡേഴ്‌സ് പറയുന്നു.

ആന്‍ഡേഴ്‌സിന് ആശംസ നേര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശവും എത്തി. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ മെക്‌സിക്കോയും അമേരിക്കയും തമ്മിലുള്ള ബന്ധം മുന്‍പെങ്ങും ഇല്ലാത്തവിധം വഷളായിരുന്നു. മെക്‌സിക്കോ വഴിയുള്ള അനധികൃത കുടിയേറ്റമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.