വാട്‌സാപ്പ് ഗ്രൂപ്പില്‍ മെസേജോ വീഡിയോയോ പോസ്റ്റ് ചെയ്യണമെങ്കില്‍ ഇനി അഡ്മിന്‍ കനിയണം: വാട്‌സാപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു

single-img
1 July 2018

അഡ്മിന് ഗ്രൂപ്പിലുള്ളവരുടെ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പില്‍ അവതരിപ്പിച്ചു. സെന്റ് മെസേജ് ഫീച്ചര്‍ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പതിപ്പുകളില്‍ ലഭ്യമാണ്. അഡ്മിന് കൂടുതല്‍ അധികാരം നല്‍കി വ്യാജ പോസ്റ്റുകളെ നിയന്ത്രിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

വാട്‌സാപ്പ് ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ഫീച്ചര്‍ കാണാന്‍ സാധിക്കുക. Send Messages എന്ന ഓപ്ഷനില്‍ പോകുമ്പോള്‍ Only Admins, All participants എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം. Only Admins ആക്ടിവേറ്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നേരിട്ട് പോസ്റ്റ് ചെയ്യാനാകില്ല.

ഫെയ്‌സ്ബുക് ഗ്രൂപ്പിലെ പോലെ തന്നെ സെറ്റിങ്‌സ് മാറ്റുന്നത് എല്ലാ അംഗങ്ങളെയും നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഗ്രൂപ്പിന്റെ പേരടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരവും അഡ്മിനില്‍ നിക്ഷിപ്തമായിരിക്കും. ഇതുവരെ എല്ലാ പാര്‍ട്ടിസിപ്പന്റുകള്‍ക്കും ഗ്രൂപ്പിന്റെ പേരോ, ഡിസ്‌ക്രിപ്ഷനോ, ഐക്കണൊ, സബ്ജക്ടോ എല്ലാം യഥേഷ്ടം എഡിറ്റു ചെയ്യാമായിരുന്നു.

എന്നാല്‍, ഇനിമുതല്‍ ഇതെല്ലാം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിയന്ത്രിക്കാം. ഈ ഓപ്ഷനും അഡ്മിന്‍ സെറ്റിങ്‌സില്‍ എത്തും. എന്നാല്‍ അഡ്മിനു മാത്രമെ കാണാനാകൂ. ഇത് ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഇപ്പോള്‍ ലഭ്യമാണ്. അഡ്മിനു മാത്രം മെസേജ് അയയ്ക്കാനാകുന്ന വിധത്തിലേക്ക് ഗ്രൂപ് മാറ്റിക്കഴിഞ്ഞാല്‍ അഡ്മിന്‍ അല്ലാത്ത അംഗങ്ങള്‍ മെസേജ് അയക്കുമ്പോള്‍ (അഡ്മിന്റെ പേര്) അഡ്മിനുകള്‍ക്കു മാത്രമെ ഈ ഗ്രൂപ്പിലേക്കു മെസേജ് അയക്കാന്‍ അനുവദിച്ചിട്ടുള്ളു എന്ന് അറിയിപ്പു കാണിക്കും.

ഒരു അഡ്മിന്‍ അഡ്മിനുകള്‍ക്കു മാത്രം മെസേജ് അയയ്ക്കാവുന്ന രീതിയില്‍ ഗ്രൂപ്പ് മാറ്റുന്നത് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയാനോ അല്ലെങ്കില്‍ ഒരു മീറ്റിങ് വിളിച്ചു ചേര്‍ക്കാനോ എല്ലാം വേണ്ടിയാകാം. ഈ അവസരത്തില്‍ അഡ്മിന്റെ മെസേജുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാനാണ് ഇത്. ഈ മോഡിലേക്കു മാറിക്കഴിഞ്ഞ് തിരിച്ച് പഴയ പടിയാക്കാനും സാധിക്കും.