സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതെല്ലാം കള്ളപ്പണം അല്ലെങ്കില്‍ പിന്നെ കള്ളപ്പണം എവിടെ; 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നല്‍കിയ വാഗ്ദാനം വെറും പൊള്ളയോ?

single-img
1 July 2018

സ്വിസ് ബാങ്കിലെ നിക്ഷേപത്തെപ്പറ്റി കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും പീയുഷ് ഗോയലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ളതെല്ലാം കള്ളപ്പണമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതെല്ലാം കള്ളപ്പണം അല്ലെങ്കില്‍ പിന്നെ കള്ളപ്പണം എവിടെയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് കള്ളപ്പണമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2013 ല്‍ പ്രസംഗിച്ചകാര്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗമാണോ കേന്ദ്രമന്ത്രിമാരുടെ പരാമര്‍ശമാണോ ശരി ?.

2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ഇടപാടുകളുടെ എല്ലാ രേഖകളും ലഭ്യമാക്കുന്നതിന് ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഏര്‍പ്പെട്ട കരാറിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. 1947 മുതലുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല ?. ആരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ദശാബ്ദങ്ങളായി സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചോദിച്ചു. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നത് 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനമായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 – 20 ലക്ഷംവരെ നിക്ഷേപിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.