പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്; എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ല: പുതിയ ‘സിദ്ധാന്തവുമായി’ കേന്ദ്രമന്ത്രി

single-img
1 July 2018

പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയാണ്, കെമിസ്ട്രിയില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂര്‍വികരെ അപമാനിച്ചതായി ചിന്തിക്കുന്നില്ല. എന്റെ അഭിപ്രായം ഇപ്പോള്‍ ആരും ഉള്‍ക്കൊണ്ടില്ലെങ്കിലും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ അത് അംഗീകരിക്കുമെന്നും സത്യപാല്‍ സിംഗ് പറയുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.

സത്യപാല്‍ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ശാസ്ത്രലോകത്തിന്റെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സത്യപാല്‍ സിംഗ് വീണ്ടും പ്രസ്താവന നടത്തിരിക്കുന്നത്.