അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍; വോയ്‌സ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കാത്തതെന്ന് അച്ഛന്‍ പറയുമായിരുന്നു; തിലകന്റെ മകള്‍ സോണിയയുടെ വെളിപ്പെടുത്തല്‍

single-img
30 June 2018

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ദിലീപിന്റെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നാണ് ദിലീപിനെ തിരിച്ചെടുത്തതിന് കാരണമായി ‘അമ്മ’ വിശദീകരിക്കുന്നത്. ഈ ഘട്ടത്തിലാണ് തിലകനും ‘അമ്മ’യും തമ്മിലുണ്ടായിരുന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നത്. വിലക്ക് നേരിട്ട തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് മകള്‍ ഡോ.സോണിയ തിലകന്‍ പുറത്തുവിട്ടിരുന്നു.

ദിലീപിനെ മോശക്കാരനാക്കാനോ, അമ്മയോട് യുദ്ധം ചെയ്യാനോ അല്ല കത്ത് പുറത്തുവിട്ടതെന്നാണ് സോണിയ വിശദീകരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതിന് അമ്മ നല്‍കിയ വിശദീകരണം, അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാതെയാണ് പുറത്താക്കിയതെന്നായിരുന്നു. പുറത്താക്കിയ സമയത്ത് തന്റെ അച്ഛന്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളും മനോവിഷമവും അരികെ നിന്ന് കണ്ട വ്യക്തിയാണ് താന്‍. അച്ഛന്റെ ഭാഗം കേള്‍ക്കാന്‍ അന്ന് അമ്മ യാതൊരുവിധ താല്‍പര്യവും കാണിച്ചില്ലെന്നു മാത്രമല്ല, നിര്‍ദാക്ഷണ്യം അദ്ദേഹത്തോട് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞതെന്നും സോണിയ ഓര്‍ക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹന്‍ലാലിനെയാണ്. ഈ പ്രശ്‌നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോള്‍ അച്ഛനെ കണ്ടതും മോഹന്‍ലാല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്. ഇത് പറയുമ്പോള്‍ അവസാനകാലത്തും തിലകനെന്ന പരുക്കനായ വ്യക്തിയുടെ കണ്ണില്‍ വെള്ളം നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹന്‍ലാലിന് വരാന്‍ സാധിക്കില്ല എന്നുപറഞ്ഞപ്പോഴും വിഷണ്ണനായി ഇരിക്കുന്ന അച്ഛനെയാണ് ഞാന്‍ കണ്ടത്. സ്വന്തം മക്കളിലൊരാള്‍ വിവാഹത്തിന് വന്നില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇത്ര വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അച്ഛന് പ്രിയങ്കരനായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാല്‍ മാത്രം വിചാരിച്ചാല്‍ അമ്മ പോലെയൊരു സംഘടനയില്‍ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം മൗനം അവലംബിക്കുന്നത്. അച്ഛന്റെ പ്രശ്‌നം നടന്ന സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കാതെ ഇരുന്നതെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ പക്ഷെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണെന്നും സോണിയ പറഞ്ഞു.