മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേരില്ല:"തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം" • ഇ വാർത്ത | evartha
Latest News

മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേരില്ല:”തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം”


കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘ ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛന്‍ മരിച്ച കാലഘട്ടത്തിലേയും എല്ലാവരുടെയും പേര് അതില്‍ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് കര്‍മം ചെയ്ത ആളാണ്. അതുകൊണ്ട് ലിസ്റ്റില്‍ പേരില്ല എന്നത് കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ല’. ഷമ്മി തിലകന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായി ഇതിനോടകം പലരും രംഗത്ത് വന്നുകഴിഞ്ഞു. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് തിലകന്റെ മകള്‍ സോണിയ പുറത്തുവിട്ടിരുന്നു.

ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ തിലകനോട് ക്രൂരത കാട്ടിയെന്ന് കത്ത് കാണിച്ചുകൊണ്ട് തിലകന്റെ മകള്‍ സോണിയ ആരോപിച്ചു. വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അതേ പരിഗണന തന്റെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചില്ലെന്നും സോണിയ വ്യക്തമാക്കി.

അമ്മയുടെ ഭരണഘടനയില്‍ രണ്ടംഗങ്ങള്‍ക്ക് രണ്ട് നിയമമാണ്.

കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന ‘അമ്മ’ കാണുന്നില്ലെന്നും സോണിയ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

‘അമ്മ’ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് ‘മരണം’ വരെ സിനിമാ തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ അബു ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് യുവനടിമാര്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്‌ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്.

നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്.