ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കന്യാസ്ത്രീ;ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ബിഷപ്പിനെതിരെ കേസടുത്തു.

single-img
30 June 2018

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലത്തീന്‍ കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത കത്തോലിക്ക മെത്രാന്‍ സമതിയുടെ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ് തൃശൂര്‍ സ്വദേശിയായ ഫ്രാങ്കോ മുളക്കല്‍.

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. നിയമനടപടികളുമായി മുന്നോട്ട് പോകും. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചുകഴിഞ്ഞു. പറയാനുള്ളതെല്ലാം യഥാസമയം വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീ പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 2014 മേയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്‍റെ പരാതിയെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ 2014ല്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. ഇരുവരുടേയും പരാതിയിൽ കേസ് എടുത്തു വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി.

കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിവായിട്ടുണ്ട്.