കെവിന്‍ വധത്തിനു പിന്നിൽ അമ്മയെന്ന് നീനു; രഹ്നയെ രക്ഷിക്കാൻ നീനുവിന്റെ മൊഴി തള്ളി പൊലീസ്

single-img
30 June 2018

കോട്ടയം: നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍, പ്രതിപ്പട്ടികയില്‍ നിന്നു മകള്‍ നീനുവിന്‍റെ മൊഴി പരിഗണിക്കാതെ രഹ്നയെ ഒഴിവാക്കാൻ പൊലീസ് നീക്കം. കെവിനെ കൊന്നതു രഹ്നയുടെ കൃത്യമായ നിര്‍ദേശ പ്രകാരമാണെന്നു നീനു പറഞ്ഞിരുന്നു. എന്നാൽ കൊല്ലപ്പെടുന്നതിനു തലേദിവസം കെവിനെ രഹ്ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്‍റെ സുപ്രധാന മൊഴി പൊലീസ് അവഗണിച്ചു.

കൊല്ലപ്പെടുന്നതിന് മുന്നേ കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്‍റെ വീട് കണ്ടെത്തുന്നതും രഹ്നയുടെ നേതൃത്വത്തിലാണ്. കെവിനെ തട്ടിക്കൊണ്ടു പോകാനും കൊലപ്പെടുത്താനും പദ്ധതിയിട്ടതു രഹ്നയുടെ അറിവോടെയാണെന്നും നീനു ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണു രഹ്നയെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

രഹ്നയ്ക്കെതിരെ ഒരു തെളിവുമില്ലെന്നാണു പൊലീസിന്‍റെ നിലപാട്. അതേസമയം കെവിന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരവധി തവണ ചോദ്യംചെയ്ത പൊലീസ് രഹ്നയെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല എന്നതും പ്രസക്തമാണ്.