“അമ്മ’യ്ക്ക് പൊതുജനങ്ങളുടെ കൈയടി വേണ്ട: രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ല‍;ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്

single-img
30 June 2018

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുള്ള നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്‍റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സാപ്പ് സന്ദേശമാണ് മാതൃഭൂമി ചാനല്‍ പുറത്തുവിട്ടത്.

അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്. രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു.

അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ച വിഷയത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളെയും ഗണേഷ് കുമാര്‍ ശബ്ദ സന്ദേശത്തില്‍ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരുടെ വിമര്‍ശനം ചാനലുകളില്‍ പേര് വരാന്‍ വേണ്ടിയാണ്. വിമര്‍ശിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് പറഞ്ഞു.

അതേസമയം ‘അമ്മ’ക്കെതിരെ നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ രംഗത്തെത്തി. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘ ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛന്‍ മരിച്ച കാലഘട്ടത്തിലേയും എല്ലാവരുടെയും പേര് അതില്‍ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് കര്‍മം ചെയ്ത ആളാണ്. അതുകൊണ്ട് ലിസ്റ്റില്‍ പേരില്ല എന്നത് കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ല’. ഷമ്മി തിലകന്‍ പറഞ്ഞു.