പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

single-img
30 June 2018

അഡാര്‍ ലവിലെ പാട്ട് സീനിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രതീക്ഷിച്ച നേട്ടം പരസ്യത്തിന് കൈവരിക്കാനായില്ല. ഇതാണ് പരസ്യം പിന്‍വലിക്കാന്‍ കാരണമായത്. പ്രിയയുടെ അഭിനയത്തിലും നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

പ്രിയയുടെ അഡാര്‍ ലവിലെ പാട്ട് സീനിലെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്ക് പ്രിയ കടന്നത്. ഇതിനെ തുടര്‍ന്നാണ് പ്രിയ മഞ്ചിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. 20 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ പ്രിയയുടെ പരസ്യം നിരവധി ഭാഷകളില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്ക് വേണ്ടി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുത്തതായി നിര്‍മ്മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം,ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു പറഞ്ഞു. തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്‍ണമായും പ്രിയക്ക് പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ലുലു പറഞ്ഞു.