നടികര്‍ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചുവിറ്റു; ശരത് കുമാറിനെതിരെ വിശാല്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു

single-img
30 June 2018

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പിന്നാലെ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലും പ്രശ്‌നം. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ നല്‍കിയ പരാതിയില്‍ മുന്‍ഭാരവാഹികളായ ശരത്കുമാര്‍, രാധാരവി, എന്നിവര്‍ക്കെതിരെ കാഞ്ചീപുരം പൊലീസ് കേസെടുത്തു. നടികര്‍ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചുവിറ്റെന്നാണ് ഇവര്‍ക്കെതിരായ പരാതി.

കാഞ്ചീപുരം ജില്ലയിലെ വേദമംഗലത്തു നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 29 സെന്റ് സ്ഥലം 2006ല്‍ അംഗങ്ങളുടെ അറിവോടെയല്ലാതെ ഇരുവരും
വില്‍പന നടത്തുകയും പണം സ്വന്തമാക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കേസ്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നു കാണിച്ചു വിശാല്‍ മദ്രാസ് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.കേസെടുക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ നടികര്‍ സംഘത്തിന്റെ പരാതി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.