ഇവയാണ് ഫ്‌ലോറിഡയുടെ പേടിസ്വപ്നം

single-img
30 June 2018

മലേഷ്യയില്‍ നിന്നുള്ള പാമ്പുകള്‍ മുതല്‍ നൈലില്‍ നിന്നുള്ള മുതലകള്‍ വരെ പെറ്റു പെരുകുന്ന സ്ഥലമാണ് അമേരിക്കയിലെ ഫ്‌ലോറിഡ. എന്നാല്‍ ഇവയേക്കാള്‍ ഫ്‌ലോറിഡയെ കൈപിടിയിലൊതുക്കിയിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഗ്രീന്‍ ഇഗ്വാനകള്‍.

മറ്റു ജീവികള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പല മടങ്ങ് ഇരട്ടി പ്രശ്‌നങ്ങളാണ് ഗ്രീന്‍ ഇഗ്വാനകള്‍ ഉണ്ടാക്കുന്നത്. വൈദ്യുതി തടസ്സം, കൃഷിനാശം, നീന്തല്‍ക്കുളങ്ങള്‍ നശിപ്പിക്കുക തുടങ്ങി മനുഷ്യര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് ഗ്രീന്‍ ഇഗ്വാനകള്‍. ഇവയുടെ ശല്യം രൂക്ഷമാകുന്നത് വേനല്‍ക്കാലത്താണ്. ഗ്രീന്‍ ഇഗ്വാനകളെ കൊണ്ടുള്ള ശല്യം സഹിക്കവയ്യാതായപ്പോള്‍ ജനങ്ങള്‍ അധികൃതരോട് പലട്ടം പരാതി പറഞ്ഞു. എന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് അധികാരികള്‍.അഞ്ച് അടി വരെ നീളം വയ്ക്കുന്നവയാണ് പ്രായപൂര്‍ത്തിയായ ഇഗ്വാനകള്‍. ഇവ വൈദ്യുതി ലൈനുകള്‍ കടിച്ചു നശിപ്പിക്കുന്നതു മൂലം കറന്റ് പോകുന്നത് ഇപ്പോള്‍ ഫ്‌ലോറിഡയിലെ പല മേഖലകളിലും നിത്യസംഭവമാണ്. മുട്ടയിടാന്‍ വേണ്ടി വലിയ തുരങ്കങ്ങളാണ് ഇഗ്വാനകള്‍ ഉണ്ടാക്കുക. ഇത് മിക്കവാറും വീടിന്റെ ഭിത്തിയുടെ അടിയിലോ മതിലിന്റെ അടിയിലോ ആയിരിക്കും. വൈകാതെ ഇവ കുഴി കുഴിക്കുന്ന ഭാഗം ഇടിഞ്ഞുവീഴും.

മനുഷ്യര്‍ വളര്‍ത്താന്‍ കൊണ്ടുവന്ന ശേഷം പിന്നീട് ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ ഗ്രീന്‍ ഇഗ്വാനകളുടെ പൂര്‍വ്വികരെ. അനുകൂല സാഹചര്യങ്ങളും കാലാവസ്ഥയും ഭക്ഷണവുമെല്ലാം ഒത്തുവന്നതോടെ ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.

ഫ്‌ലോറിഡയില്‍ എത്ര ഗ്രീന്‍ ഇഗ്വാനകള്‍ ഉണ്ടെന്നു ചോദിക്കുന്നത് മാനത്തെ നക്ഷത്രങ്ങള്‍ എണ്ണുന്നതിന് തുല്യമാണെന്നാണ് ദേശീയ വന്യജീവി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഇഗ്മാന്‍ പറയുന്നത്. തണുപ്പ് ഒട്ടും സഹിക്കാനാകാത്ത ജീവികളാണ് ഇഗ്വാനകള്‍. 2009വരെ കൃത്യമായി ശൈത്യകാലം എത്തിയിരുന്നതിനാല്‍ അത് ഇഗ്വാനകളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം ശൈത്യകാലത്തിന്റെ കാഠിന്യം കുറഞ്ഞതോടെ ഇവയുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു.