കഞ്ഞികുടിയ്ക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍

single-img
29 June 2018

 

കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ നിയമനങ്ങളൊന്നും സാധ്യമല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കഞ്ഞികുടിയ്ക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളോട് അനുഭാവമുണ്ടെങ്കിലും ജോലി നല്‍കാനാകില്ല.

ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി.

കോര്‍പറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാലാണ് നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സാ്മ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും നിയമനത്തിനു തടസമായി ചൂണ്ടിക്കാട്ടുന്നത്.

ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയില്‍ അടുത്തകാലത്തൊന്നും നിയമനത്തിനു സാധ്യതയില്ല. ചെലവും വരവും തമ്മില്‍ 183 കോടി രൂപയുടെ അന്തരമാണ് ഇപ്പോഴുള്ളത്. ബസ് ഒന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറയ്ക്കാനാണ് സുശീല്‍ഖന്നയുടെ പ്രാഥമിക ശിപാര്‍ശയിലുള്ളത്. സുശീല്‍ഖന്നയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി നിയമനം നടത്താന്‍ കഴിയൂ എന്നാണു സര്‍ക്കാര്‍ നിലപാട്.