വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം

single-img
29 June 2018

കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ഇന്ന് കേരളത്തിന്റെ അഭിമാനമാണ്. അതിര്‍ത്തി കടന്നെത്തുന്ന വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ ഈ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്.

പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അക്കാലത്ത് തന്നെ സുഹൃത്തുക്കളാണ്. ആറു വര്‍ഷം മുമ്പാണ് ലാലി സിഫ്റ്റില്‍ ചേര്‍ന്നത്. മൂന്നു വര്‍ഷം മുമ്പ് പ്രിയയും ഇവിടെയെത്തി. കേരളത്തിലേക്കു വരുന്ന മീനുകളില്‍ വന്‍തോതില്‍ ഫോര്‍മാലിനും അമോണിയയും കലര്‍ത്തുന്നതായി പരാതികള്‍ വ്യാപകമായപ്പോഴാണ് ഇത് കണ്ടെത്താനുള്ള പ്രോജക്ട് വേണമെന്ന് സിഫ്റ്റ് തീരുമാനിച്ചത്.

ഈ ചുമതല ലാലിയെയും പ്രിയയെയും ഏല്‍പ്പിക്കുകയായിരുന്നു. മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് നേരത്തെ തന്നെ പല സംവിധാനങ്ങളുണ്ടെങ്കിലും പരിശോധനകള്‍ക്ക് ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നതാണ് പ്രശ്‌നം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മീനിലെ മായം കണ്ടെത്തുക എന്നതാണ് ശാസ്ത്രജ്ഞര്‍ നേരിട്ട വെല്ലുവിളി.

ലാബില്‍ പോകാതെ തന്നെ മീന്‍ പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ രീതി കണ്ടെത്താനാണ് ലാലിയും പ്രിയയും ശ്രമിച്ചത്. ഈ ചിന്തയാണ് സ്ട്രിപ്പിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഒന്നോ, രണ്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ മീനില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ പുതിയ സംവിധാനത്തിനു കഴിയും.

ചെലവ് തീരെ കുറവും. ഒരു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരീക്ഷണം വിജയം കണ്ടത്. സിഫ്റ്റിലെ ഒട്ടേറെ ശാസ്ത്രജ്ഞര്‍ ഈ പദ്ധതിയുടെ വിജയത്തിനായി സഹകരിച്ചതായി ലാലിയും പ്രിയയും പറഞ്ഞു. സംവിധാനം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള ശ്രമമായി.

സിഫ്റ്റ് ഡയറക്ടര്‍ സി.എന്‍. രവിശങ്കറിന്റെ നേതൃത്വത്തില്‍ ഇതിനുള്ള തീവ്രമായ ശ്രമങ്ങള്‍ നടന്നു. ഇതിനിടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ സ്ട്രിപ്പുകള്‍ ഉപയോഗിച്ചു തുടങ്ങി. അടുത്തകാലത്ത് അവര്‍ നടത്തിയ പരിശോധനകളിലെല്ലാം ഈ സ്ട്രിപ്പുകളാണ് ഉപയോഗിച്ചത്.

കേരളത്തിലേക്ക് എത്തുന്ന ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം കണ്ടെത്താന്‍ സഹായിച്ചതും ഈ സ്ട്രിപ്പുകളാണ്. മുംബൈയിലുള്ള സ്ഥാപനവുമായി ഇതു സംബന്ധിച്ച് കരാറുണ്ടാക്കാന്‍ സിഫ്റ്റിന് കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം മീനില്‍ വിഷസാന്നിധ്യം കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ പുറത്തിറങ്ങും.

അതേസമയം പരിശോധ കിറ്റ് വിപണിയിലെത്തിക്കാന്‍ കാലതാമസം നേരിട്ടതില്‍ മത്സ്യഫെഡിന്റെ നിസഹകരണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഐഎഫ്ടി. പരിശോധനാ കിറ്റിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ മൂന്ന് തവണ മത്സ്യഫെഡിനെ സമീപിച്ചെങ്കിലും ഇവര്‍ തയ്യാറായില്ലെന്ന് സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വ്യക്തമാക്കി.

മൂന്നാം വട്ടവും മത്സ്യഫെഡ് പിന്മാറിയതോടെയാണ് പരിശോധന കിറ്റ് നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളെ സിഐഎഫ്ടി ക്ഷണിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത കമ്പനിയുമായി അടുത്ത ആഴ്ച ധാരണപത്രം സിഐഎഫ്ടി ഒപ്പുവയ്ക്കും. ഉത്പാദനം വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതാണ് പിന്‍മാറാനുള്ള പ്രധാന കാരണമെന്ന് മത്സ്യഫെഡ് പറയുന്നത്.

കടപ്പാട്: മാതൃഭൂമി