ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് ലാല്‍

single-img
29 June 2018

ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് നടന്‍ ലാല്‍. രാജിവച്ചത് നടിമാരുടെ വ്യക്തിപരമായ നിലപാടാണ്. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ടു കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ലാല്‍ പറഞ്ഞു.

അതേസമയം ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയ്‌ക്കെതിരെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇന്നും തുടര്‍ന്നു. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

താരസംഘടന അമ്മയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചായിരുന്നു മാര്‍ച്ച്. വിവാദത്തില്‍ മോഹന്‍ലാലിനെ ക്രൂശിക്കുന്നതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ദിലീപിനെ തിരിച്ചെടുത്തത് മോഹന്‍ലാലിന്റെ തീരുമാനമല്ലാതിരുന്നിട്ടും ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നുവെന്നു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഇതിനിടെ ഇന്നസെന്റിനോടും ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇവര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ആക്രമണമാണ്. സിപിഎം ഇരയ്‌ക്കൊപ്പമാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി