എന്റെ രക്ഷിതാക്കള്‍ എന്നോട് ചെയ്തത് ഞാന്‍ എന്റെ മക്കളോടും ചെയ്യുന്നു: കമല്‍ഹാസന്‍

single-img
29 June 2018

താന്‍ ജീവിതത്തില്‍ ആരുടെയും ഉപദേശം കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന് കമല്‍ഹാസന്‍. അതുകൊണ്ട് തന്നെ തന്റെ മക്കളെയും ഉപദേശിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ന് വരെ ഞാനവര്‍ക്ക് തൊഴില്‍ സംബന്ധിച്ച് ഒരു ഉപദേശവും നല്‍കിയിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ സഹായം ചോദിക്കാറുണ്ട്. അപ്പോള്‍ അത് ചെയ്തു കൊടുക്കും. എന്റെ ജീവിതത്തിലോ തൊഴില്‍ സംബന്ധിച്ചോ എനിക്ക് ലഭിച്ച ഉപദേശങ്ങളൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല.

എന്റെ സ്വന്തം തീരുമാനങ്ങളാണ് ജീവിതത്തില്‍ നടപ്പാക്കിയത്. എന്റെ രക്ഷിതാക്കള്‍ എന്നോട് ചെയ്തത് ഞാന്‍ എന്റെ മക്കളോടും ചെയ്യുന്നു. അവരെന്നെ സഹായിച്ചതും വിമര്‍ശിച്ചതുമെല്ലാം ഞാന്‍ ചോദിച്ചപ്പോള്‍ മാത്രമാണ്’, കമല്‍ഹാസന്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ തന്നെയാണ് കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും. കമല്‍ഹാസന്‍ നായകനാകുന്ന വിശ്വരൂപം രണ്ടാംഭാഗത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും. വിശ്വരൂപം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ സിനിമയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു.