മാലിന്യത്തില്‍ നിന്നും ഇന്റര്‍നെറ്റും പാചകവാതകവും; ഞെട്ടണ്ട സംഗതി സത്യമാണ്

single-img
29 June 2018

മാലിന്യത്തില്‍ നിന്നും വൈദ്യുതിയും ബയോഗ്യാസും എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ മാലിന്യത്തില്‍ നിന്നും ഇന്റര്‍നെറ്റ് ഡേറ്റയും പാചകവാതകവും എന്ന് കേട്ടാല്‍ നമ്മള്‍ ഒന്നുകൂടി ആലോചിക്കും. എന്നാല്‍ സംഗതി സത്യമാണ്. കാപ്റ്റിയോസിസ് വാസ്റ്റം ( സ്മാര്‍ട് വേയ്‌സ് എന്നാണ് ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനികളായ പൗര്‍ണമി, അക്ഷയ,സിബില,സ്മൃതി,സ്‌നേഹ എന്നിവര്‍.

മാലിന്യം കൃത്യമായി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന ക്രെഡിറ്റ് പോയിന്റിലൂടെയാണ് സൗജന്യ ഡേറ്റയും പാചകവാതകവും ലഭിക്കുക. റസിഡന്റസ് കോളനികളിലും, ഫ്‌ളാറ്റുകളിലും മറ്റും ഈ പദ്ധതി നടപ്പിലാക്കാമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ജൈവമാലിന്യം, പുനരുപയോഗിക്കാന്‍ കഴിയുന്നവ, ഇലക്ട്രോണിക് മാലിന്യം എന്നിങ്ങനെ മാലിന്യം വേര്‍തിരിക്കാനായി മൂന്ന് വലിയ ഡസ്റ്റ് ബിന്നുകള്‍, ഭാരം അളക്കുന്നതിനുള്ള യന്ത്രം, ബയോഗ്യാസ് പ്ലാന്റ്, വൈഫൈ റൂട്ടര്‍, സ്മാര്‍ട് വേ സംവിധാനം ഒരുക്കാനുള്ള കംപ്യൂട്ടര്‍ എന്നിവയാണ് ഇതിന് ആവശ്യം. 15,000യില്‍ താഴെ മാത്രമാണ് ചെലവിടേണ്ടി വരിക.

വാണിജ്യാടിസ്ഥാനത്തില്‍ ഇതിലും കുറഞ്ഞ ചിലവില്‍ ഇത് നടപ്പിലാക്കാം. കംപ്യൂട്ടറിന്റെ സഹായത്തോടെ കാപ്റ്റിയോസിസ് വാസ്റ്റം വെബ് ആപ്ലിക്കേഷനില്‍ കയറി വീട്ടുനമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, പാസ്‌വേഡ് എന്നിവ നല്‍കി അക്കൗണ്ട് തുറക്കണം.

ഐഡിയും പാസ്‌വേഡും സൂക്ഷിച്ച് വെയ്ക്കാന്‍ മറക്കരുത്. മാലിന്യം ഇടുമ്പോള്‍ ഏത് തരം മാലിന്യം, അളവ് എന്നിവ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തണം. ഇതനുസരിച്ചുള്ള ക്രെഡിറ്റ് പോയന്റ് ഉടമയുടെ അക്കൗണ്ടില്‍ എത്തും. ഇങ്ങനെ കിട്ടുന്ന ക്രെഡിറ്റ് പോയന്റ് കണക്കാക്കിയാണ് ഡേറ്റയും പാചകവാതകവും ലഭിക്കുക.

ക്രെഡിറ്റ് പോയന്റിനനുരിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഡേറ്റയും പാസ്‌വേഡും സന്ദേശമായി മൊബൈലില്‍ ലഭിക്കും. 100 പോയന്റിലെത്തിയാല്‍ സില്‍വര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുക. 100 എംബി ഇന്റര്‍നെറ്റ് ഡേറ്റ, 25 ലിറ്റര്‍ പാചകവാതകം എന്നിങ്ങനെ ലഭിക്കും.

ഗോള്‍ഡ് വിഭാഗത്തിലെത്തണമെങ്കില്‍ 500 പോയന്റ് നേടണം. അപ്പോള്‍ 500 എംബി ഡേറ്റയും 50 ലീറ്റര്‍ പാചകവാതകവും ലഭിക്കും. ഇനി 1000 പോയന്റ് ലഭിച്ചാല്‍ 1 ജിബി ഡേറ്റയും 100 ലിറ്റര്‍ പാചകവാതവുമാണ് ലഭിക്കുക. പുതുമയുള്ള പദ്ധതിയിലൂടെ റോഡരികില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നതിന് അറുതി വരുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു