ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്; നസ്രിയ പറയുന്നു

single-img
29 June 2018

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നസ്രിയ നാല് വര്‍ഷത്തിന് ശേഷമാണ് മടങ്ങിയെത്തുന്നത്. അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദിന്റെ നായികയായിട്ടായിരുന്നു നസ്രിയ അഭിനയിച്ചത്.

നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതോടെ ആരാധകര്‍ക്ക് ഇനി അറിയേണ്ടത് മറ്റൊരു കാര്യമാണ്. ഫഹദും നസ്രിയയും ഒരുമിച്ചൊരു ചിത്രം എപ്പോള്‍ വരും എന്ന്. അതിനുള്ള മറുപടി വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറയുന്നുണ്ട്.

‘ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതു സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്‌പെന്‍സാണ്,’ നസ്രിയ പറഞ്ഞു. വിവാഹത്തിനു ശേഷം നസ്രിയ മാത്രമല്ല, ഫഹദും സിനിമയില്‍ നിന്നും ഒരു വര്‍ഷം വിട്ടു നിന്നിരുന്നു.

എന്നാല്‍ അതാരും പറയുന്നില്ലെന്നും നസ്രിയ പറഞ്ഞു. വിവാഹ ശേഷം, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തില്‍ മാത്രമാണ് ഫഹദ് അഭിനയിച്ചത്. പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയെടുത്താണ് ഫഹദ് തിരിച്ച് സിനിമയില്‍ എത്തിയത്.