ദിലീപ് വിഷയത്തില്‍ മുകേഷിനോടും ഇന്നസെന്റിനോടും സി.പി.എം വിശദീകരണം തേടില്ല

single-img
29 June 2018

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളില്‍ എംഎല്‍എമാരെ തള്ളാതെ സിപിഎം നേതൃത്വം. ഗണേഷിനോടും മുകേഷിനോടും എംപിയായ ഇന്നസെന്റിനോടും ഈ പ്രശ്‌നത്തില്‍ വിശദീകരണം തേടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

അമ്മയെന്ന സ്വകാര്യ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ഇടത് അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ ആക്രമണമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ല. അതിനാല്‍ തന്നെ ഇവരില്‍ നിന്നും വിശദീകരണം തേടേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. അമ്മയില്‍ എംപിയോ എംഎല്‍എയോ മറ്റേത് ജനപ്രതിനിധി ഉണ്ടായാലും സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.