കേരളത്തിലെ നേതാക്കള്‍ ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി അമിത് ഷാ

single-img
29 June 2018

കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ അധ്യക്ഷന്‍ അമിത് ഷാ ഇടപെടുന്നു. നേതാക്കള്‍ ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ അമിത് ഷാ കേരളത്തിലെ പാര്‍ട്ടി പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ കണ്ടെത്തുന്നതിന് പാര്‍ട്ടിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതോടെ സംസ്ഥാന ബി.ജെ.പി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിനെതിരെ അമിത്ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പരാതിപ്രളയമായിരുന്നു.

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇംഗ്‌ളീഷിലും മലയാളത്തിലും പരാതി പറഞ്ഞത്. വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരെ പ്രതികൂട്ടിലാക്കിയാണ് പ്രവര്‍ത്തകരുടെ നീക്കം.

കൂടിയാലോചനകള്‍ ഇല്ലാതെ കുമ്മനം രാജശേഖരനെ മാറ്റിയ നടപടിയിലും പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി പരസ്യമാക്കി. അമ്മ വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി എത്തിയ വി.മുരളീധരന്‍ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പരസ്യമായ ചേരിപ്പോരിന്റെ ആധാരം.

സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവ് നീതിക്കുവേണ്ടി പോരാടുമ്പോള്‍ വി.മുരളീധരന്റെ നിലപാട് ശരിയല്ലെന്ന് ഫേസ്ബുക്കിലൂടെ തന്നെ മറുപക്ഷം വിമര്‍ശിച്ചു. ഗ്രൂപ്പ് പോരില്‍ അതൃപ്തിയുള്ള ഒരുവിഭാഗം സംസ്ഥാന, ജില്ലാ നേതാക്കള്‍ കേരളത്തിലെത്തുന്ന അമിത്ഷായോട് നേരിട്ട് പരാതി പറയാനൊരുങ്ങുകയാണ്.

ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനമുണ്ടാകും.
കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുരേന്ദ്രനെ മനസില്‍ കണ്ടിരുന്നെങ്കിലും, പി.കെ. കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസ് സംസ്ഥാന നേതാക്കളും ഇതിനെതിരെ രംഗത്തുവന്നു. എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഇവര്‍ പകരം മുന്നോട്ടുവയ്ക്കുന്നത്. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്.