പ്രതിഷേധം ഫലം കണ്ടു; അന്ത്യോദയയ്ക്ക് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ്

single-img
28 June 2018

ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.

കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എം.പി വി. മുരളീധരനെയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണക്കാരന് നിസാര ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവര്‍ നിരാഹാര സമരവും നടത്തിയിരുന്നു.

സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചിരുന്നു. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരത്തിന്റെ ഭാഗമായാണ് നെല്ലിക്കുന്നിന്റെ നിയമ ലംഘന പ്രതിഷേധം അരങ്ങേറിയത്.

സമരക്കാര്‍ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.