കണ്ടത് വെളുത്തപ്രേതത്തെയെന്ന് സഞ്ചാരികള്‍; യഥാര്‍ഥ സത്യമറിഞ്ഞ് ശാസ്ത്രലോകം അമ്പരന്നു

single-img
28 June 2018

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചുവെന്ന് വന്യജീവി വകുപ്പ് പോലും സ്ഥിരീകരിച്ച കരടിയെ ജീവനോടെ കണ്ടതിന്റെ ഞെട്ടലിലാണ് ഒരു കൂട്ടം വിനോദസഞ്ചാരികള്‍. റഷ്യയിലാണ് സെയ്‌ലുജെം വിഭാഗത്തില്‍പ്പെട്ട കരടി ട്രക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

റഷ്യയിലെ അല്‍റ്റായ് മലനിരകളില്‍ കണ്ട് വന്നിരുന്ന സെയ്‌ലുജെം കരടികള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെയാണ് വംശനാശം സംഭവിച്ച് ഇല്ലാതായത്. സെയ്‌ലുജെം കരടികള്‍ ഉണ്ടായിരുന്നില്ലെന്നും അതൊരു മിത്തായിരുന്നു എന്നു പോലും ചിലര്‍ വിശ്വസിച്ചു.

എന്നാല്‍ വംശനാശം സംഭവിച്ചെന്ന സ്ഥിരീകരണത്തെയും മറ്റ് അഭ്യൂഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് സെയ്‌ലുജെം കരടി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അര്‍ഗലി വിഭാഗത്തില്‍ പെട്ട മലയാടുകളെ കാണാന്‍ ഒരു ടൂറിസ്റ്റ് ഏജന്‍സി സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്തവരാണ് കരടിയെ കണ്ടെത്തിയത്.

വെളുത്ത നിറമുള്ള ശരീരവും ഇളം ചുവപ്പു നിറമുള്ള മുഖവുമായി നില്‍ക്കുന്ന കരടിയുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരികള്‍ പുറത്തുവിട്ടു. ചിത്രം കൃത്രിമമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പരിശോധിച്ച ശേഷം റഷ്യന്‍ സുവോളജിസ്റ്റായ ഗെന്റിക് സെബാംസ്‌കിയാണ് ജീവിയെ തിരിച്ചറിഞ്ഞത്.

അല്‍റ്റയ് മലനിരകളില്‍ മാത്രമാണ് സെയ്‌ലുജെം കരടികളെ കണ്ടുവന്നിരുന്നത്. ഈ മേഖലയില്‍ കരടി പോലുള്ള ജീവികള്‍ ഇല്ല എന്നായിരുന്നു ഇവരുടെ വിശ്വാസം. അതുകൊണ്ടു തന്നെ പേരറിയാത്ത ഈ കരടിയെ വെളുത്ത പ്രേതം എന്നാണ് സഞ്ചാരികള്‍ ആദ്യം വിശേഷിപ്പിച്ചത്.

സെയ്‌ലുജെം കരടികളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് 2015 ല്‍ ചില ഗവേഷകര്‍ അവകാശപ്പെട്ടെങ്കിലും ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ അത് തള്ളിക്കളഞ്ഞിരുന്നു. ഏതായാലും സെയ്‌ലുജെം കരടികളുടെ തിരിച്ചു വരവ് ജൈവശാസ്ത്രജ്ഞരെ മുഴുവന്‍ ആവേശത്തിലാക്കിയിരിക്കുകയാണ്.