ദിലീപിനെ പുറത്താക്കാന്‍ ഞാന്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട: നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്

single-img
28 June 2018

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. രാജിവെച്ച നടിമാരുടെ ധീരമായ നടപടിയെ താന്‍ അനുമോദിക്കുന്നതായും താന്‍ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണെന്നും ഒരു ഇംഗ്ലീഷ് മാഗസിന്റെ ഓണ്‍ലൈന്‍ പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഉറക്കെ പറയുന്ന സ്വഭാവമാണ് എനിക്കുള്ളത്. അത് പറയേണ്ട സമയത്ത് പറയും. ദിലീപിനെ പുറത്താക്കാന്‍ ഞാന്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. തീരുമാനം എടുത്തത് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചാണ്. അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട- പൃഥ്വി പറഞ്ഞു.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സംഭവമാണ്. ഇപ്പോഴും ആ വേദനയില്‍ നിന്ന് മുക്തനായിട്ടില്ല. എന്നിട്ടും പൊരുതി നിന്ന നടിയുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

അമ്മയില്‍ നിന്ന് നിന്ന് രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണപിന്തുണയും പൃഥ്വിരാജ് പ്രഖ്യാപിച്ചു. രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി എനിക്കറിയാം. അവര്‍ എന്തുകൊണ്ടാണ് രാജിവച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു.

അവര്‍ക്കൊപ്പം തന്നെയാണ് താനും. അവരെ വിമര്‍ശിക്കുന്ന പലരും ഉണ്ടാകും. എന്നാല്‍ തെറ്റും ശരിയും എന്നത് വ്യക്തിപരമായ കാര്യമാണെന്നും പൃഥ്വി പറഞ്ഞു. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാന്‍ എന്നെയാരും ക്ഷണിച്ചിട്ടില്ല, അതിനുള്ള സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പൃഥ്വി പറഞ്ഞു.

അഭിനേതാക്കളുടെ സംഘടനയില്‍നിന്ന് കൊണ്ട് തന്നെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ട് ശക്തമായ നിലപാട് പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ഈ സംഭവം നടന്നതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് തന്റെ ചിത്രത്തില്‍ നിര്‍ണായകമായ റോളും പൃഥ്വി നല്‍കിയിരുന്നു.

പരസ്യമായ നിലപാടുകള്‍ എടുത്തിട്ടുള്ള പൃഥ്വി എന്തുകൊണ്ടാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്ന ചോദ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ലൂസീഫറിന്റെ ഷൂട്ടിങിന് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൃഥ്വി മൗനം പാലിക്കുന്നത് എന്നായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശനം.