‘പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറായിരുന്നു; പിന്‍മാറിയത് വരാനിരിക്കുന്ന പടങ്ങള്‍ കൂവിത്തോല്‍പ്പിക്കും എന്നതിനാല്‍’

single-img
28 June 2018

കൊച്ചി: നടി പാര്‍വതിക്ക് നേരെ അടുത്തകാലത്ത് നടന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമുണ്ടായിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബുവിന്റെ പ്രസ്താവന. സിനിമയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണ്. മോഹന്‍ലാലിനെ മറയാക്കിയാണ് ഒരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കാന്‍ നടി പാര്‍വതി തയ്യാറായിരുന്നെന്നും എന്നാല്‍ തന്റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ളതുകൊണ്ടാണ് പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്നതെന്നും ആഷിഖ് അബു പറഞ്ഞു. രാജിവച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന മാഫിയഗൂണ്ട സംഘങ്ങള്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കും.

സിനിമ എന്നാല്‍ പാര്‍വതിയുടേത് മാത്രമല്ല. സംവിധായകന്റെയും നിര്‍മാതാവിന്റെയും ഇപ്പോഴത്തെ അവസ്ഥ ആലോചിച്ച് നോക്കു. ഫാന്‍സ് അസോസിയേഷനെ ഉപയോഗിച്ച് പടങ്ങള്‍ കൂവിത്തോല്‍പ്പിക്കുന്ന രീതി മലയാള സിനിമയില്‍ ഇപ്പോഴുണ്ട്.
ഫാന്‍സുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നത്. ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കുന്ന ക്രിമിനല്‍ കൂട്ടത്തിനെതിരേ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി.