മോഹന്‍ലാലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രൂക്ഷവിമര്‍ശനവുമായി വനിതാകമ്മീഷന്‍

single-img
28 June 2018

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മിഷന്‍ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്തത് ഉചിതമായില്ലെന്ന് കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

നാല് നടിമാര്‍ രാജിവച്ചത് സംബന്ധിച്ച് ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ ഇരിക്കുന്ന മോഹന്‍ലാലിനെ പോലുള്ളവരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല. മോഹന്‍ലാല്‍ മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എമാര്‍ പോലും ഇക്കാര്യത്തില്‍ നിലപാട് എടുത്തില്ല.

വിഷയം കൂടുതല്‍ അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നു. സംഘടനയുടെ തലപ്പത്തുള്ളവര്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. നടിമാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയത് അങ്ങേയറ്റം പ്രശംസനീയമാണ്. ധൈര്യമായി അവര്‍ മുന്നോട്ട് പോകും. തെറ്റായ പ്രവണതയാണ് അമ്മ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.