ഇന്ത്യയുമായി അടുത്ത ആഴ്ച നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച അമേരിക്ക റദ്ദാക്കി

single-img
28 June 2018

ന്യൂഡല്‍ഹി: അടുത്ത ആഴ്ച വാഷിംഗ്ടണ്ണില്‍ ഇന്ത്യയുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച അമേരിക്കയുടെ അസൗകര്യത്തെ തുടര്‍ന്ന് നീട്ടിവച്ചു. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ഉന്നത തല 2 പ്ലസ് 2 ചര്‍ച്ച നീട്ടിവയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെടുകയായിരുന്നു. വിദേശകാര്യ വക്താവ് രവീശ് കുമാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മാറ്റിവച്ച ചര്‍ച്ച എത്രയും പെട്ടെന്നു നടത്തുന്നതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. ചര്‍ച്ച എവിടെ, എന്നു നടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള നിര്‍ണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്. ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു ചര്‍ച്ച. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്കു തീരുമാനമായത്.

അതേസമയം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു വന്‍തോതില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യുഎസ് പിന്മാറ്റമെന്നും സൂചനയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങളില്‍ നൂറു ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുകയാണെന്ന ആരോപണം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണു കൂടിക്കാഴ്ച മാറ്റിവച്ചതെന്നതും ശ്രദ്ധേയം. അത്തരം തീരുവകള്‍ ഒഴിവാക്കി നല്‍കണമെന്നും ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയിരുന്നു. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ കമ്പനികളെ അമേരിക്കയില്‍ ബിസിനസ് നടത്താന്‍ അനുവദിക്കില്ലെന്നും യു.എസ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബര്‍ നാലോടെ അത് പൂര്‍ണമായും നിറുത്തണമെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതി അവതാളത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.