‘ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലേ എന്ന ഭാവത്തില്‍’ മോഹന്‍ലാന്‍ ലണ്ടനിലേക്ക്; അമ്മ വിവാദത്തില്‍ ഒരക്ഷരം മിണ്ടിയേക്കരുതെന്ന് താരങ്ങള്‍ക്കും നിര്‍ദേശം

single-img
28 June 2018

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. നാലുനടിമാരുടെ രാജിക്ക് പിന്നാലെ പ്രതിഷേധവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. ‘അമ്മ’യ്ക്ക് കത്തയച്ച് രേവതിയും പത്മപ്രിയയും പാര്‍വതിയുമാണ് രംഗത്തെത്തിയത്.

ദിലീപ് വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വിമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. അടുത്തമാസം 13നോ 14നോ യോഗം വിളിക്കണം എന്നാണ് ആവശ്യം. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കണം എന്ന് കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

നടിയെ പിന്തുണയ്ക്കാനെടുത്ത നടപടികള്‍ വ്യക്തമാക്കണമെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിവാദം ഇത്ര ശക്തമായിട്ടും തത്കാലം ഇതിനോട് പ്രതികരിക്കേണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ വെള്ളിയാഴ്ച ലണ്ടനിലേക്ക് പോവുകയാണ്. ജൂലൈ പത്തിന് മാത്രമേ അദ്ദേഹം ഇനി മടങ്ങിയെത്തൂ. അതിന് ശേഷം ആവശ്യമെങ്കില്‍ പ്രതികരണം എന്ന നിലയിലാണ് അമ്മ മുന്നോട്ടുപോകുന്നത്.

അതു വരെ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മിണ്ടരുതെന്ന് അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. ഇതിന്റെ ഭാഗമായി ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ മുകേഷ്, ഗണേശ്കുമാര്‍, കെപിഎസി ലളിത എന്നിവരെയെല്ലാം സമീപിച്ചെങ്കിലും ആരും ഒന്നും വിട്ടുപറയാന്‍ കൂട്ടാക്കിയിട്ടില്ല.

അമ്മയിലേക്ക് തിരിച്ചെത്തിയെങ്കിലും തത്കാലം യോഗങ്ങളിലോ താരസംഘടനയുമായി ബന്ധപ്പെട്ട ഷോകളിലോ ദിലീപ് പങ്കെടുക്കില്ല. നടിമാര്‍ രാജിവച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതിയുടെ വിലക്കുള്ളതിനാല്‍ പരസ്യപ്രതികരണത്തിനില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് ആന്റുണി പെരുമ്പാവൂര്‍ പറഞ്ഞു.

നേരത്ത, ‘അമ്മ’യുടെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേളബാബു സെക്രട്ടറിയുമായി പുതിയ സമിതി കഴിഞ്ഞയാഴ്ചയാണ് ചുമതലയേറ്റത്. ഇതിന് പിന്നാലെ നടന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കിയത് ചട്ടപ്രകാരമല്ലെന്നും അതുകൊണ്ട് തിരിച്ചെടുക്കണമെന്നും ആവശ്യം ഉയര്‍ന്നതും തിരിച്ചെടുത്തതും. എന്നാല്‍ കേസ് നില നില്‍ക്കുന്ന സാഹചര്യം പോലും പരിഗണിക്കാതെ സംഘടനയിലെ ചിലരുടെ താന്‍പോരിമ നടപ്പാക്കുകയായിരുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് നടിമാര്‍ പുറത്ത് പോയത്.