കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കു കേസെടുക്കും

single-img
28 June 2018

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ സാധ്യത.

സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ റജിസ്റ്റര്‍ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 19ന് രാത്രി വൈകി കെജ്‌രിവാളിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ വച്ച് എഎപിയുടെ എംഎല്‍എമാര്‍ തന്നെ സംഘം ചേര്‍ന്നു മര്‍ദിച്ചെന്നാണ് അന്‍ഷു പ്രകാശിന്റെ ആരോപണം.

കെജ്‌രിവാളിന്റെ സാന്നിദ്ധ്യത്തിലാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ തന്നെ ആക്രമിച്ചത്. രണ്ട് എം എല്‍ എമാര്‍ മര്‍ദിച്ചു. ആ മുറിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും അറിവോടെ നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു അതെന്നും അന്‍ഷു പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍തന്നെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. അന്‍ഷുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെജ്‌രിവാളിനെ പോലീസ് ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേജ്‌രിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത് വിവാദമായിരുന്നു. സഹകരിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തയാറായതോടെയാണ് ഒന്‍പതു ദിവസം നീണ്ടു നിന്ന സമരം കേജ്‌രിവാളും മന്ത്രിമാരും അവസാനിപ്പിച്ചത്.