ഓഫീസില്‍ ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത്; നിര്‍ദേശവുമായി രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്

single-img
28 June 2018

ജയ്പൂര്‍: ഓഫീസുകളില്‍ ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത് എന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. ഓഫീസുകളുടെ മാന്യത സംരക്ഷിക്കുന്ന വസ്ത്രങ്ങളായിരിക്കണം ജീവനക്കാര്‍ ധരിക്കേണ്ടത്. അതിനാല്‍ തന്നെ പാന്റും ഷര്‍ട്ടും പോലുള്ള മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചു വേണം ഓഫീസില്‍ എത്താന്‍ എന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ചില ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും പോലുള്ള മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസില്‍ എത്തുന്നതായി ശ്രദ്ധയില്‍പെട്ടു. ജീവനക്കാര്‍ അത്തരത്തിലുള്ള വസത്രങ്ങള്‍ ധരിക്കുന്നത് ഓഫീസുകളോടുള്ള അനാദരവും ഒപ്പം ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ സര്‍ക്കുലറിന് എതിരെ ശക്തമായ എതിര്‍പ്പാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. രാജസ്ഥാനിലെ എംപ്ലോയീസ് ഫെഡറേഷന്‍ ഇതിനെതിരെ രംഗത്തെത്തി. എങ്ങനെയാണ് ജീന്‍സും ടീഷര്‍ട്ടും അശ്ലീലമായ വസത്രമാണെന്ന് പറയാന്‍ സാധിക്കുക എന്നും എംപ്ലോയീസ് ഫെഡറേഷന്‍ അംഗം ഗജേന്ദ്ര സിംഗ് ചോദിച്ചു.

എന്നാല്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. ഓഫീസുകളുടെ അന്തസ്സ് നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എന്നും കമ്മീഷണര്‍ പറഞ്ഞു.