അമിത ശബ്ദമുള്ള സൈലന്‍സര്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചതിന് നടന്‍ ജയ് പൊലീസ് പിടിയില്‍

single-img
28 June 2018

ട്രാഫിക് നിയമലംഘനത്തിന് തമിഴ് യുവനടന്‍ ജയ് പൊലീസ് പിടിയില്‍. അമിത ശബ്ദമുള്ള സൈലന്‍സര്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചതിനാണ് ജയ് പിടിയിലായത്. ചെന്നൈയിലെ അഡയാറില്‍ വെച്ചാണ് സംഭവം. ജയ് മാപ്പ് പറയുകയും വാഹനത്തില്‍ ശബ്ദം കുറഞ്ഞ സൈലന്‍സര്‍ ഘടിപ്പിക്കാമെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും പൊലീസിന് ഉറപ്പും നല്‍കി.

ഇതോടെ താരത്തിന് താക്കീത് നല്‍കി പൊലീസ് വാഹനം വിട്ടയച്ചു. കൂടാതെ സൈലന്‍സര്‍ ഘടിപ്പിക്കുന്നത് തെറ്റാണെന്ന സന്ദേശം നല്‍കുമെന്ന് ജയ് തന്നെ പറയുന്ന വീഡിയോയും പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സൗജന്യമായി ചിത്രീകരിച്ച ഈ വീഡിയോ പൊലീസ് ട്രാഫിക് ക്യാംപെയ്‌നിന്റെ ഭാഗമാക്കി.

ഇതിന് മുമ്പും പലവട്ടം ജയ്‌യെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ശാസ്ത്രി നഗര്‍ ട്രാഫിക് പൊലീസ് ജയ്‌യുടെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

ചെന്നൈ അഡയാറിലുണ്ടാക്കിയ അപകടത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സംഭവത്തില്‍ അന്ന് താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അന്നാണ് ജയ്‌യുടെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്കു റദ്ദാക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തത്. കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.