‘അമ്മ’യുടെ വാദം പൊളിയുന്നു: ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്

single-img
28 June 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി.

‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നുവെന്നും’ മൊഴിയില്‍ പറയുന്നു. അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം നടിയും കാവ്യയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു മൊഴിയില്‍ പറയുന്നു.

നേരത്തെ, ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നടിയുടെ പരാതി. അതുകൊണ്ട് തന്നെ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.