ആ നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ല: സംഘടനയ്ക്ക് പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു; തുറന്നടിച്ച് നടന്‍ ദിലീപ്

single-img
28 June 2018

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന് നടന്‍ ദിലീപ്. താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടിയാണെടുത്തതെന്ന് അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു.

തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചെടുത്തതിനും രേഖയില്ല. മാധ്യമങ്ങളില്‍ കൂടിയാണ് തിരിച്ചെടുത്ത കാര്യം അറിഞ്ഞത്. തനിക്ക് പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദീലീപ് പറഞ്ഞു.

എന്നാല്‍ ദിലീപിനെതിരെ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദിലീപിനോട് വിശദീകരണം ചോദിക്കാന്‍ പറ്റില്ലെന്നുമാണ് താരസംഘടന പറയുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നടിയുടെ പരാതി.

അതുകൊണ്ട് തന്നെ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടെയാണ് ദിലീപിന്റെ വിശദീകരണം വന്നിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്ത അമ്മ സംഘടനക്കെതിരെ വനിതാകമ്മിഷനും വിവിധ മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംഘടന പ്രമേയം പോലും പാസാക്കിയില്ല. മോഹന്‍ലാലിനെ പോലുള്ള വ്യക്തിയില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും മറ്റു മൂന്നു വനിതാ താരങ്ങളും അമ്മയില്‍ നിന്നു രാജിവച്ച സംഭവത്തില്‍ പിന്തുണ പ്രഖ്യാപിച്ചു ധനമന്ത്രി ഡോ.തോമസ് ഐസകും രംഗത്തെത്തി. അമ്മ സംഘടനയെ രൂക്ഷമായ ഭാഷയിലാണ് ധമന്ത്രി വിമര്‍ശിച്ചത്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഒരു നടനെതിരെ ചുമത്തിയിരിക്കുന്നത്, അതില്‍ കോടതി വിധി വരുന്നതിനു മുന്‍പ് എങ്ങനെയാണു നിരപരാധിയെന്ന മുന്‍വിധിയോടു കൂടി നിലപാടെടുക്കുന്നതെന്ന് തോമസ് ഐസക് ചോദിക്കുന്നു.

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണു താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ടെന്നും അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

നേരത്തെ നടിമാരെ അഭിനന്ദിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരമാണ്. താരസംഘടനയില്‍ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്‌നമാണ്. രാജിവയ്ക്കണോ എന്നത് ജനപ്രതിനിധികളായ നടന്മാരുടെ സ്വാതന്ത്ര്യമാണെന്നും കാനം പറഞ്ഞിരുന്നു.