ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണം: ഇന്ത്യയ്ക്ക് യുഎസിന്റെ അന്ത്യശാസനം

single-img
27 June 2018

 

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും നവംബറോടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ് അനുവദിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദ്ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കിയിട്ടുണ്ട്.

ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യയിലേയും ചൈനയിലേയും കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി പ്രത്യേക ഇളവൊന്നും നല്‍കില്ലെന്നും യു.എസ് വ്യക്തമാക്കി. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് േഡാണള്‍ഡ് ട്രംപ് പിന്‍മാറിയതിനു ചുവടുപിടിച്ചാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

ഇറാനെ ഒറ്റപ്പെടുത്തുകയും അവരുടെ വരുമാന മാര്‍ഗം കണ്ടെത്തി അത് അടയ്ക്കുകയും ചെയ്യുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇന്ത്യഅമേരിക്ക ചര്‍ച്ചയില്‍ പ്രധാന വിഷയമായി അമേരിക്ക ഇത് ഉന്നയിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അമേരിക്ക നിലപാടു കര്‍ശനമാക്കിയതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടി. ചൊവ്വാഴ്ച ക്രൂഡ് വില മൂന്നു ശതമാനം വര്‍ധിച്ചു. വെനസ്വേലയില്‍ എണ്ണ ഉത്പാദനം കുറയുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണ ദൗര്‍ലഭ്യം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.