അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഒഴിവാക്കാന്‍ മോദി നടന്നത് സിഖുകാരന്റെ വേഷത്തില്‍: അറിയപ്പെട്ടിരുന്നത് ‘പ്രകാശ് സിങ്’ എന്ന പേരിലും

single-img
27 June 2018

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി. അടിയന്തരാവസ്ഥക്കെതിരായ വികാരം കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണം നയിക്കാന്‍ പ്രധാനമന്ത്രി കളത്തിലിറങ്ങുകയും ചെയ്തു.

ഇതിനിടയിലാണ് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഒഴിവാക്കാന്‍ മോദി നടന്നത് സിഖുകാരന്റെ വേഷത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനുശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനകളിലൊന്നാണ് ആര്‍.എസ്.എസ്. എന്നാല്‍, അന്ന് ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന മോദിയടക്കമുള്ള നേതാക്കള്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേഷപ്രച്ഛന്നരായി നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടിവന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ‘പ്രകാശ് സിങ്’ എന്ന പേരാണ് മോദി അന്ന് സ്വീകരിച്ചത്.

അക്കാലത്ത് നിരോധിക്കപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളുമായി ഡല്‍ഹിയിലെത്തിയ മോദി അവിടെവെച്ച് ജനസംഘം നേതാക്കളെ കണ്ടു. 25കാരനായിരുന്ന മോദി ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ള നേതാക്കളെ സുരക്ഷിതതാവളങ്ങളിലെത്തിക്കാന്‍ സന്ന്യാസിയായിവരെ രൂപംമാറി. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ദൂതനായി പ്രവര്‍ത്തിച്ച മോദിയെ, നിരോധിച്ച പുസ്തകങ്ങളും ലഘുലേഖകളും മറ്റും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.