മെസ്സിയുടെ ഫുട്‌ബോള്‍ സ്‌നേഹം ‘വീട്ടിലും’ കാണാം

single-img
27 June 2018

 

ഇന്നലെ ആരാധകര്‍ ആഘോഷമാക്കിയ ഗോളായിരുന്നു സൂപ്പര്‍താരം മെസ്സിയുടേത്. വീണുപോയി എന്ന് കരുതിയിടത്ത് നിന്ന് മെസ്സി ഉയര്‍ത്തെഴുന്നേറ്റ് വരികയായിരുന്നു. കാരണം മെസ്സി ഫുട്‌ബോളിനെ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹം മെസ്സിയുടെ ബാര്‍സലോണയിലുള്ള വീട്ടിലും കാണാം.

സദാസമയവും ഫുട്‌ബോള്‍ എന്ന് മാത്രം സ്വപ്നം കണ്ടു നടക്കുന്ന മെസ്സി തന്റെ വീടും ഒരു ഫുട്‌ബോളിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബാര്‍സലോണയില്‍ നിന്ന് 22 മൈല്‍ അപ്പുറം കാസ്റ്റല്‍ഡിഫെല്‍സ് എന്ന സ്ഥലത്താണ് മെസ്സിയുടെ വീട് സ്ഥിതി ചെയ്യുന്നത്.

ഒട്ടേറെ സൂപ്പര്‍താരങ്ങളുടെ വീട് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് ലൂയിസ് ഗറിഡോ ആണ് മെസ്സിയുടെയും ‘ഫുട്‌ബോള്‍’ സ്വപ്‌ന ഭവനം രൂപകല്‍പ്പന ചെയ്തത്. വണ്‍ സീറോ എക്കോ ഹൗസ് എന്നാണ് ഈ വീടിന്റെ പേര്. ഏഴ് മില്യണ്‍ യൂറോ (ഏകദേശം 53 കോടി രൂപ) ആണ് വീടിന്റെ നിര്‍മാണ ചിലവ്.

ഒരു ഫുട്‌ബോള്‍ മൈതാനം പോലെയുള്ള സ്ഥലം ഒരുക്കിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 35 ഏക്കറോളം വരുന്ന പ്ലോട്ടിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ പിച്ച് പോലെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഒരു ഭാഗം നീന്തല്‍ കുളവും മറ്റേ ഭാഗം പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നിരിക്കുന്ന ഫുട്‌ബോള്‍ ആകൃതിയിലുള്ള വീടുമാണ്.

സൂര്യപ്രകാശം ലഭിക്കുന്നതിനായി മേല്‍ക്കൂര പകുതിയും ഗ്ലാസ്സിലാണ്. മേല്‍ക്കൂരയുടെ ബാക്കി പകുതി പച്ചപുല്ലിലാണ് ഒരുക്കിയിരിക്കുന്നത്. വീടിന് ചുറ്റളവ് തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മെസ്സി തന്റെ ഭാര്യ അന്റോണെല്ലാ റൊക്കൂസയോടും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഇവിടെ താമസം.